ജനീവ: തങ്ങൾ വികസിപ്പിച്ച കൊവിഡ്- 19 ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്പനികള്‍ക്കും അനുമതി നല്‍കി യു എസ് മരുന്ന് നിര്‍മാണ കമ്പനി ഫൈസര്‍. ഇതിലൂടെ ലോകത്തെ ദരിദ്ര രാജ്യങ്ങള്‍ക്കും ഈ ഗുളിക കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഫൈസര്‍ വികസിപ്പിച്ച പാക്‌സ്ലോവിഡ് എന്ന ഗുളികയാണ് മറ്റ് മരുന്ന് ഉത്പാദകര്‍ക്കും നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
ലോകത്തെ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്ന 95 ദരിദ്ര- വികസ്വര രാജ്യങ്ങളിലേക്ക് ഈ ഗുളികകള്‍ വിതരണം ചെയ്യും. ഈ ഗുളികക്കുള്ള റോയല്‍റ്റിയും മരുന്ന് ഉത്പാദകരില്‍ നിന്ന് ഫൈസര്‍ സ്വീകരിക്കില്ല. ഇതോടെ ഗുളികയുടെ വില വളരെയേറെ കുറയുകയും കൊവിഡ് ചികിത്സയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യും.
മെഡിസിന്‍സ് പേറ്റന്റ് പൂള്‍ (എം പി പി) പ്രകാരമുള്ള കരാറില്‍ ഫൈസര്‍ ഒപ്പുവെച്ചു. ക്ലിനിക്കല്‍ പരീക്ഷണം, മറ്റ് അനുമതികള്‍ എന്നിവക്ക് ശേഷമാകും ഫൈസറിന്റെ ആന്റിവൈറല്‍ മരുന്നിന് അതത് രാജ്യങ്ങള്‍ അംഗീകാരം നല്‍കുക. എച്ച് ഐ വി മരുന്നായ റിട്ടോണാവിറിനൊപ്പവും ഫൈസറിന്റെ ഗുളിക കഴിക്കാം. ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ലോകത്തുടനീളം ഉപയോഗിക്കുന്നുണ്ട്.