കൊവിഡ് പ്രതിരോധത്തിന് വികസിപ്പിച്ച ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍

 

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന് പുറമേ തങ്ങള്‍ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ ഗുളികയായ ‘പാക്‌സ്ലോവിഡ്’  90 ശതമാനം ഫലപ്രദമെന്ന് അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ ഫൈസര്‍.

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യവും മരണവും 87 ശതമാനം വരെ ഒഴിവാക്കാന്‍ പ്രതിരോധ ഗുളിക ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു.

കൊറോണ വൈറസിന് പെറ്റുപെരുകാന്‍ ആവശ്യമായ എന്‍സൈം തടയുകയാണ് ഫൈസറിന്റെ ഗുളിക രൂപത്തിലുള്ള മരുന്ന് ചെയ്യുന്നത്.

രോഗം സ്ഥിരീകരിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രോഗിക്ക് പാക്‌സ്ലോവിഡ് നല്‍കാന്‍ കഴിഞ്ഞാല്‍ ഏറെ ഫലപ്രദമാണെന്നാണ് ഫൈസര്‍ പറയുന്നത്. ഏകദേശം 1200 രോഗികളിലായിരുന്നു പരീക്ഷണം നടത്തിയത്.

ഇവരില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുത്തവരും അടുത്തിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമാണ്. പ്രായാധിക്യം, അമിതവണ്ണം തുടങ്ങി കൊവിഡ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ ഇടയുള്ള രോഗികളെയായിരുന്നു പ്രധാനമായും പരീക്ഷണത്തിന് വിധേയമാക്കിയത്.

മരുന്നു നല്‍കിയ രോഗികളില്‍ 0.8 ശതമാനം മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തിലെത്തിയത്. മരണനിരക്ക് തീര്‍ത്തും പൂജ്യമായിരുന്നുവെന്നും കമ്പനി പറയുന്നു.

അതേസമയം, മെര്‍ക്ക് ആന്‍ഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ‘മോല്‍നുപിറാവിര്‍’ എന്ന ആന്‍ഡി വൈറല്‍ ഗുളിക കൊവിഡിനെതിരെ ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ എന്‍.എച്ച്.എസ് മെര്‍ക്കിന്റെ മരുന്നുപയോഗിച്ചുള്ള ചികിത്സ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. വൈറസിന്റെ ജനിതക കോഡില്‍ കൃത്രിമത്വം കാട്ടിയാണ് ഈ മരുന്ന് രോഗത്തെ പ്രതിരോധിക്കുന്നത്.

ശരീരത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന ഒരു എന്‍സൈമിനെയാണ് ഈ മരുന്നുകള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നതിനാല്‍ എല്ലാത്തരം വകഭേദങ്ങളേയും ചികിത്സിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് അനുമാനിക്കുന്നത്.