വെടിനിർത്തൽ: സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ബസുകളിൽ ഒഴിപ്പിക്കുന്നു

 

താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മാനുഷിക ഇടനാഴി തുറന്നതോടെ യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യക്കാരെ സുമിയിൽ നിന്ന് ഒഴിപ്പിച്ച് തുടങ്ങി. 694 വിദ്യാർഥികളാണ് സുമിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ പകുതിയിലേറെയും മലയാളികളാണ്

സുമിയിൽ നിന്ന് മധ്യ യുക്രൈൻ നഗരമായ പോൾട്ടാവയിലേക്കാണ് ഇവരെ മാറ്റുന്നത്. വിദ്യാർഥികളെ ബസിൽ പോൾട്ടാവയിലേക്ക് നീക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. യുക്രൈന്റെ സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.

വെടിനിർത്തലിൽ റഷ്യ ഉറച്ചുനിൽക്കണമെന്നും മനുഷ്യ ജീവൻ അപകടത്തിലാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മാനുഷിക സഹായം ആവശ്യപ്പെടുകയാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.