യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നത് നിർത്തിവെച്ചു. ഒഴിപ്പിക്കേണ്ട പാതയിൽ സ്‌ഫോടനം നടന്ന വിവരത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവെച്ചത്. നേരത്തെ റഷ്യ സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചും നഗരത്തിൽ ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ
സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം നിർത്തിവെക്കാൻ എംബസിയിൽ നിന്ന് നിർദേശം വന്നത്. ഹോളണ്ട് അതിർത്തിയിലേക്ക് എത്തേണ്ട പാതയിൽ ഷെല്ലാക്രമണം നടന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് രക്ഷാദൗത്യം നിർത്തിയത്. വിദ്യാർഥികളോട് ബങ്കറുകളിലേക്ക് മടങ്ങാനും നിർദേശം നൽകി
സാധാരണക്കാർക്ക് രക്ഷപ്പെടാനായി യുക്രൈൻ നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. പരമാവധി പേരെ സുരക്ഷിത ഇടനാഴികൾ ഒരുക്കി പുറത്തേക്ക് പോകാൻ അനുവദിക്കുമെന്നായിരുന്നു റഷ്യൻ സൈന്യം പ്രഖ്യാപിച്ചത്. എന്നാൽ ഇത് ലംഘിച്ചാണ് ആക്രമണം തുടരുന്നത്.