കുടുംബ വഴക്കിനെ തുടർന്ന് ഭാര്യവീട്ടിൽ എത്തിയ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്.
ഭാര്യയും മകനും താമസിച്ചിരുന്ന നെല്ലിമറ്റം കണ്ണാടിക്കോട് വാടകവീട്ടിൽ എത്തിയാണ് ബിനു ആത്മഹത്യ ചെയ്തത്.
10 വർഷം മുൻപായിരുന്നു ബിനുവും ശരണ്യയുമായിട്ടുള്ള വിവാഹം നടന്നത്. ഇവർക്ക് എട്ട് വയസുള്ള ഒരു മകനുണ്ട്. കുടുംബ വഴക്കിനെ തുടർന്ന്, കുറച്ച് ദിവസങ്ങളായി ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. ശരണ്യ മകനേയും കൂട്ടി പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടക വീട്ടിലാണ് താമസം.കഴിഞ്ഞ ദിവസം കുട്ടിയെ കാണാൻ ബിനു വാടക വീട്ടിൽ എത്തിയിരുന്നു. എന്നാൽ, വീട്ടുകാർ കുട്ടിയെ കാണിക്കാൻ തയ്യാറായില്ല.
ഇന്ന് നെല്ലിമറ്റത്തെ വീട്ടിൽ ഭാര്യയും മകനും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിനു ഭാര്യവീട്ടിൽ എത്തിയത്. എന്നാൽ, വീട്ടിൽ ആരെയും കാണാതായതോടെ ഭാര്യയുമായി ബിനു മൊബൈലിൽ ബന്ധപ്പെടാൻ ശ്രമം നടത്തി. ഇതും നടക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു