ബെയ്‌റൂത്ത്: തലസ്ഥാനായ ബെയ്‌റൂത്തിനെ പിടിച്ചുകുലുക്കിയ ഉഗ്രസ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ലബനാന്‍. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കി ബെയ്‌റൂത്ത് തുറമുഖത്തെ ഗോഡൗണില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ച ടണ്‍കണക്കിന് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ അടിയന്തരമായി മന്ത്രിസഭ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് അടിയന്തിരവാസ്ഥയും നിലവിലെ സാഹചര്യം മറികടക്കാന്‍ അടിയന്തിര ധനസഹായവും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ചുരുങ്ങിയത് 100 പേര്‍ കൊല്ലപ്പെടുകയും 4000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നഗരത്തിലും പ്രാന്ത്പ്രദേശങ്ങളിലും വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടര ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്ന് ബെയ്‌റൂത്ത് ഗവര്‍ണര്‍ മര്‍വാന്‍ അബൗദ് പറഞ്ഞു. സ്‌ഫോടന കാരണം ഇപ്പോഴും വ്യക്തമല്ല. തുറമുഖ ഗോഡൗണില്‍ ആറുവര്‍ഷമായി സൂക്ഷിച്ചുവരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിക്കു പിന്നിലെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.