ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിൽ സ്ഫോടനത്തിന് കാരണമായത് അമോണിയം നൈട്രേറ്റ്. ബെയ്‌റൂത്തിലെ തുറമുഖത്തിന് സമീപമുള്ള വെയർഹൗസിൽ സൂക്ഷിച്ച 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് കാരണമായത്. ലെബനന്‍ പ്രധാനമന്ത്രിയായ ഹസ്സൻ ഡിയാബാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച്ച നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറായി ഉയർന്നു. നാലായിരത്തോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽപെട്ടതായി റെഡ്ക്രോസ് അധികൃതർ ചൂണ്ടിക്കാട്ടി.
സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിക്കാതെ ആറ് വർഷമായി വെയർഹൗസിൽ സൂക്ഷിച്ച അമോണിയം നൈട്രേറ്റ് ശേഖരമാണ് പൊട്ടിത്തെറിച്ചത്. ലെബനീസ് സമയം വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തെ തുടർന്ന് വലിയ തോതിലുള്ള നാശനഷ്ടമാണ് നഗരത്തിലുണ്ടായത്. സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുറമുഖ ഭാഗത്ത് നിന്ന് പുക ഉയർന്നതിന് പിന്നാലെയായിരുന്നു വൻ സ്ഫോടനം. തുറമുഖത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളിൽ പോലും സ്ഫോടനത്തിൻ്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. അപകടത്തെ തുടർന്ന് ആകാശത്ത് ഓറഞ്ച് നിറം കാണപ്പെട്ടിരുന്നു. ഇത് സോഡിയം നൈട്രേറ്റ് മൂലമാണെന്ന് കരുതപ്പെടുന്നു.
സ്ഫോടത്തിൻ്റെ യഥാർത്ഥ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. വെയർഹൗസിൽ വെൽഡിങ് ജോലി പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും മൃതശരീരങ്ങൾ കുടുങ്ങികിടപ്പുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യമാണ് നിലവിലുളളത്.