തമിഴ്‍നാട് നെയ്‍വേലിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടം. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റിലാണ് വന്‍ സ്‌ഫോടനമുണ്ടായത്. പ്രാഥമിക വിവരമനുസരിച്ച് അഞ്ച് പേര്‍ മരിച്ചതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പലര്‍ക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. രണ്ടാം തെര്‍മലിലെ അഞ്ചാം ബോയിലറിലാണ് സ്‌ഫോടനം നടന്നത്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. അപകടത്തിന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. പ്ലാന്‍റിലെ റെസ്‌ക്യൂ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. നൂറോളം പേര്‍ ജോലി ചെയ്യുന്ന പ്ലാന്‍റാണിത്. സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് പ്ലാന്‍റില്‍ ജോലിയിലുണ്ടായിരുന്നു.
കഴിഞ്ഞ മെയ് മാസം പ്ലാന്‍റിലെ ബോയിലർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അടച്ചിട്ടിരുന്ന പ്ലാന്‍റിന്‍റെ പ്രവർത്തനം പുനരാരംഭിച്ച് കുറച്ചുകാലമേ ആയിട്ടുള്ളു. ഇതിനിടയിലാണ് വീണ്ടും അപകടമുണ്ടായത്.