കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി

കോവിഡ് കാലത്തേക്ക് മാത്രം സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി.മിനിമം ചാർജ് 8 രൂപ തന്നെയാണ്. എന്നാൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റർ വരെ 8 രൂപ തന്നെയായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിലവിലെ വർധനയെന്ന് മന്ത്രി അറിയിച്ചു.

അതിന് ശേഷമുള്ള സ്റ്റേജുകളിൽ 25 ശതമാനമാണ് വർധന. കെഎസ്ആർടിസി ഓർഡിനറി ബസുകൾക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾക്ക് കൂടുതൽ ചാർജ് ഈടാക്കും, വിശദമായ പട്ടിക പ്രസിദ്ധീകരിക്കുമെന്നും നാളെയോ മറ്റന്നാളോ ചാർജ് വർധന നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥികൾക്ക് നിലവിൽ പ്രത്യേക നിരക്ക് ഈടാക്കില്ല. അല്ലാതെയുള്ള വർധനവ് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ രാമചന്ദ്രൻ കമ്മീഷന് സാവകാശം വേണമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനവും ലോക്ക്‌ഡൌണും കാരണം യാത്രക്കാർ കുറഞ്ഞതിനാൽ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകൾ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വർധന കൂടിയായതോടെ ബസുകൾ പലതും ഓട്ടം നിർത്തി. തുടർന്ന് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ഗതാഗത വകുപ്പ് സർക്കാരിലേക്ക് നൽകുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ അടഞ്ഞുകിടക്കുന്നതിനാലാണ് വിദ്യാർഥികളുടെ നിരക്ക് അതുപോലെ തന്നെ നിലനിർത്തിയത്.