യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ വധിക്കാൻ റഷ്യ നാനൂറിലേറെ കൂലിപ്പടയെ ഇറക്കിയിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. സെലൻസ്‌കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത നൽകുന്നത്.
ആഫ്രിക്കയിൽ നിന്ന് അഞ്ചാഴ്ച മുമ്പാണ് കീവിൽ ഇവരെ എത്തിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ നടത്തുന്ന സ്വകാര്യ സായുധസംഘമായ ദ വാഗ്നർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചയാണ് യുക്രൈന് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും ഇതേ തുടർന്നാണ് കീവിൽ 36 മണിക്കൂർ് കർഫ്യൂ ഏർപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു
റഷ്യൻ കൂലിപ്പടയെ പിടികൂടാനാണ് കർഫ്യൂ പ്രഖ്യാപിച്ചത്. കർഫ്യൂ ലംഘിക്കുന്നവരെ പിടികൂടുക, അല്ലെങ്കിൽ വെടിവെക്കുക എന്നതായിരുന്നു യുക്രൈൻ സൈന്യത്തിന് സർക്കാർ നൽകിയ നിർദേശം.