കൽപ്പറ്റ : ചുഴലി കോളനിയിൽ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവതി പീഢനത്തിനിരയായ കേസ് അട്ടിമറിക്കുന്നതായി ആരോപണം. സംഭവത്തോടനുബന്ധിച്ച് തുറക്കോട്കുന്ന് ബബീഷിനെതിരെ ബലാൽസംഗത്തിന് പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മാനസികാസ്വാസ്ഥ്യമുള്ള 32 കാരിയായ യുവതിയെ അയൽ വാസിയായ യുവാവ് പീഡിപ്പിക്കുകയായിരുന്നു. മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. രോഗം മാറാൻ പൂജ കഴിക്കണമെന്നും ഗുരുവായൂരിൽ നിന്നും പൂജാ സാധനങ്ങൾ കൊണ്ടു വന്നിട്ടുണ്ടെന്നും പറഞ്ഞാണത്രെ ഇയാൾ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസിനെ വിവരമറിയിച്ചിട്ടും കോളനിയിലെത്താൻ മടി കാണിച്ചുവെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ് വിസമ്മതിച്ചതായും ആരോപണമുണ്ട്. ജില്ലയിലെ ആദിവാസി കോളനികളിൽ ഗവേഷണത്തിനെത്തിയ വിദ്യാർത്ഥികളെ സംഭവത്തിന് ശേഷം കോളനികളിൽ പ്രവേശിക്കുന്നത് അധികൃതർ തടഞ്ഞതായും പരാതിയുണ്ട്. കോളനികളുടെ ശോചനീയാവസ്ഥ പുറം ലോകം അറിയാതിരിക്കാനാണ് ഈ വിലക്കിന് കാരണമെന്നും ആരോപണമുണ്ട്’