കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ

 

കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. ഏപ്രിൽ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഹോട്ടൽ, റെസ്റ്റോറൻ്റ്, തട്ടുകട, ബേക്കറി എന്നിവയിൽ പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിക്കുക. കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അത്യാവശ്യ കടകൾക്ക് വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണം കർശനമാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയ്ക്ക് യോഗത്തിൽ നിർദേശം നൽകി. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഏപ്രിൽ 30 വരെ തുറന്ന് പ്രവർത്തിക്കരുത്. വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഒരാഴ്ചത്തേക്ക് നിർത്തിവെക്കേണ്ടതാണ്.

കോവിഡ് ബാധിച്ചിട്ടുള്ളതും അല്ലാത്തതുമായ ജില്ലയിലെ എല്ലാ കോളനികളിലും ആവശ്യമായ റേഷൻ, ഭക്ഷണ കിറ്റ് എന്നിവ ലഭ്യമാക്കുന്നതിന് ഐ.ടി.ഡി.പി കോർഡിനേറ്റർക്ക് നിർദേശം നൽകി. കുട്ട, ബാവലി അതിർത്തിയിലൂടെ കർണാടകയിലേക്ക് ദിവസേന ജോലിയ്ക്ക് പോവുന്നവരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുന്നതിനും യോഗത്തിൽ നിർദേശം നൽകി.

കോവിഡ് രണ്ടാം തരംഗത്തിലെ അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി മേപ്പാടി വിംസ് ആശുപത്രിയിൽ 300 പേർക്ക് കിടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 300 പേർക്ക് കൂടിയുള്ള സൗകര്യം ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ വകുപ്പിൽ നിന്ന് കൂടുതൽ ജീവനക്കാരെ വിട്ട് നൽകുവാൻ യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഡി.ഡി.എം.എ ഫണ്ട് ഉപയോഗിച്ച് ആവശ്യമായ പൾസ് ഓക്സീ മീറ്റർ വാങ്ങുകയും, കോവിഡ് രോഗികൾക്ക് മുമ്പ് നൽകിയവ തിരികെ വാങ്ങുകയും ചെയ്യും. സി.എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവ അടിയന്തിരമായി ആരംഭിക്കുന്നതിനും, ബത്തേരി താലൂക്ക് പരിധിയിലെ മീനങ്ങാടി ഗവ. പോളി ടെക്നിക്കിൽ സി.എഫ്.എൽ.ടി.സി ആരംഭിക്കുന്നതിനും നിർദേശം നൽകി. ജില്ലയിലെ കോവിഡ് ആശുപത്രികളിൽ കുടിവെള്ളം, വൈദ്യുതി/ജനറേറ്റർ എന്നിവ ലഭ്യമാണെന്ന് ഉറപ്പ് വരുത്തുന്നതിനും, അടിയന്തിര സാഹചര്യത്തിൽ ലഭ്യമാക്കുന്നതിനും ജില്ലാ ഫയർ ഓഫീസർക്ക് നിർദേശം നൽകി.