കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ . നഗര പരിധിയിൽ സമ്പർക്ക രോഗവ്യാപനം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ.
മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഹാർബറുകൾ എന്നിവിടങ്ങളിലെ സന്ദർശനം നിയന്ത്രിക്കും.
ആളുകളുടെ പ്രവേശനം സാമൂഹിക അകലം പാലിച്ചായിരിക്കണം. ആറ് അടി അകലം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
മാർക്കറ്റുകൾ പോലുള്ള തിരക്കേറിയ എല്ലാ സ്ഥലങ്ങളിലും പോലീസ് കർശനമായ നിരീക്ഷണം ഉറപ്പാക്കും. ഹാർബറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ നിയന്ത്രണ ചുമതല മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാ യിരിക്കും. ജനക്കൂട്ടം കൂടുതൽ ഉള്ള ഇത്തരം പ്രദേശങ്ങളിൽ ക്യുക്ക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മേൽനോട്ട ചുമതല ഇൻസിഡന്റ് കമാൻഡർമാർക്കായിരിക്കും.
ജോലിസ്ഥലങ്ങളിൽ മാസ്കുകൾ, സാനിറ്റൈസർ എന്നിവ തൊഴിലുടമകൾ നൽകുന്നു എന്നും ഉറപ്പുവരുത്തും.
വിവാഹത്തിന് 50 പേർക്കും മരണ ചടങ്ങുകളിൽ 20 പേർക്കും മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളൂ. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ
കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത് പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും.
ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രമേ പ്രവേശനമുണ്ടാവൂ. ഹാൻഡ് സാനിറ്റൈസർ നിർബന്ധമായും ഉണ്ടായിരിക്കണം. ആറ് അടി സാമൂഹിക അകലം പാലിക്കുകയും വേണം.
പൊതു കൂടിച്ചേരലുകൾക്കും നിയന്ത്രണമേർപ്പെടുത്തി. സാമൂഹികം, രാഷ്ട്രീയം, കായി കം, വിനോദം, സാംസ്കാരികം, മതപരം തുടങ്ങിയ ഒത്തുചേരലുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കളിസ്ഥലങ്ങൾ, ജിംനേഷ്യം, ടർഫ്, നീന്തൽക്കുളങ്ങൾ, സിനിമാ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ കോഴിക്കോട് കോർപറേഷൻ പരിധിയിൽ തുറന്നു പ്രവർത്തിക്കാൻ പാടില്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾക്കും അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കും ഒഴികെ ആളുകൾ പുറത്തിറങ്ങുന്നില്ലെന്നും അകത്തേക്ക് പ്രവേശിക്കുന്നില്ലെന്നും ഉറപ്പുവരുത്തും.
4671 കോവി ഡ് രോഗികളാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 6375 പുതിയ കേസുകൾ റിപോർട്ട് ചെയ്തു. ഇതിൽ 6086 പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
ജില്ലയിൽ രോഗികൾ കൂടുതലുള്ള മൂന്ന് പ്രധാന ക്ലസ്റ്ററുകളിൽ രണ്ടെണ്ണം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആണ്. ജില്ലയിലെ ഒൻപത് ക്രിട്ടിക്കൽ കണ്ടയിൻമെന്റ് മേഖലകളിൽ അഞ്ചെണ്ണവും കോർപ്പറേഷൻ പരിധിയിൽ ആണ്.
ജില്ലയിൽ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായിരുന്നത് ഈ മാസം അവസാന വാരത്തിലെത്തുമ്പോൾ 10 ശതമാനത്തിലേക്ക് ഉയർന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ആകെയുളള രോഗികളിൽ 46.5 ശതമാനവും കഴിഞ്ഞ 14 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്തവയാണ്.