കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമായി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഇതേവരെയുളള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.37 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചകളിലായി രണ്ട് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഈ നിരക്ക് ഇനിയും കൂടിയേക്കും. കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ 5,000 കിടക്കകളാണ് ചികിത്സക്ക് സജ്ജമാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ അവസാനത്തോടെ ഇത് 7,000മായി ഉയര്‍ത്താനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവായവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവരുമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം എഫ്.എല്‍.ടി.സി.കള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ്, റൂറല്‍ എസ്.പി.ഡോ.എസ്.ശ്രീനിവാസ്, സബ് കലക്ടര്‍ ജി.പ്രിയങ്ക, ആര്‍ഡിഒ അബ്ദുറഹ്മാന്‍, അസി.കലക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഇ.നവീന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് തുറടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.