തൃശൂർ പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെതിരെ ദേവസ്വങ്ങൾ

 

തൃശൂർ പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെതിരെ ദേവസ്വങ്ങൾ. കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്താനാകില്ലെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ദേവസ്വങ്ങൾ നിലപാട് വ്യക്തമാക്കി. ഒറ്റ ഡോസ് വാക്സിൻ എടുത്തവർക്ക് അനുമതി നൽകണം. ആന പാപ്പാൻമാരുടെ ആർടിപിസിആർ പരിശോധന ഒഴിവാക്കണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. ദേവസ്വങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അന്തിമ തീരുമാനം നാളെ ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചക്ക് ശേഷം ഉണ്ടാകും.

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് ഒരു വാക്സിനേഷൻ മാത്രം എടുത്തവർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട എന്നായിരുന്നു നേരത്തേ ഉള്ള അറിയിപ്പ്. രണ്ട് വാക്സിൻ എടുക്കാത്തവർ ആർടിപിസിആർ ടെസ്റ്റ് എടുക്കണം എന്ന് ഇന്നലെ പുതിയ ഉത്തരവിറങ്ങി. ആനപാപ്പാൻ മാരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആണെങ്കിൽ ആനയ്ക്ക് അനുമതി നിഷേധിക്കും. ഇതടക്കമുള്ള കൂടുതൽ നിയന്ത്രണങ്ങൾ ഓരോ ദിവസവും കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ യോഗത്തിൽ അറിയിച്ചു. ‌

പൊലീസുകാർക്ക് ഭക്ഷണവും, മറ്റുസൗകര്യങ്ങൾക്കുമായി ദേവസ്വങ്ങൾ പണം നൽകിയിരുന്നു ഇത്തവണ ഇത് നൽകാനാകില്ല. തേക്കിൻകാട് മൈതാനത്ത് ബാരിക്കേഡുകൾ കെട്ടുന്ന ചിലവും സർക്കാർ ഏറ്റെടുക്കണമെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി. നാളെ ചീഫ് സെക്രട്ടറിയുമായി നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.