കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ബീനാച്ചി -പനമരം റോഡിന്റെ നിർമ്മാണം ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല

സുൽത്താൻ ബത്തേരി : കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ബീനാച്ചി പനമരം റോഡിന്റെ നിർമ്മാണം ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മാർച്ചിൽ പണി പൂർത്തിയാക്കേണ്ട റോഡാണ് നിർമ്മാണം പാതിവഴിയിലായി കിടക്കുന്നത്. കുണ്ടുംകുഴിയുമായി ഗതാഗതത്തിന് പോലും പറ്റാത്ത വിധമാണിപ്പോൾ.
22 കിലോമീറ്റർ ദൂരം വരുന്ന ബീനാച്ചി- പനമരം –റോഡ് 52 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. വീതികൂട്ടി കയറ്റംകുറച്ചാണ് ടാറിംഗ് നടത്തേണ്ടിയിരുന്നത്. ചെന്നൈ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡിന്റെ കരാർ ഏറ്റെടുത്തത്. മുഖ്യ കരാറുകാരൻ സബ് കോൺട്രാക്ടർക്ക് റോഡ് പണിയാൻ ഏൽപ്പിച്ചു നൽകുകയായിരുന്നു. റോഡിലെ കൾവർട്ടുകളുടെ നിർമ്മാണം പൂർത്തീകരിക്കുയും റോഡിന്റെ കുറെ ഭാഗം മാന്തി കല്ലിട്ട് നിരത്തുകയും ചെയ്തു. കഴിഞ്ഞ മഴയോടെ നിരത്തിയ മട്ടികല്ലുകൾ പലഭാഗത്തും ഒലിച്ചുപോയതോടെ റോഡ് പൂർണമായും കുണ്ടും കുഴിയുമായി തീർന്നു.