കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഓണ നാളുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണു നിർദേശം. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിച്ചത്.
രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വർധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിൻറെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. വാർഡുതല സമിതികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കണം. പ്രവർത്തനം പിറകോട്ടുള്ള വാർഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവർത്തനസജ്ജമാക്കണം. കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈൻ എന്നീ കാര്യങ്ങളിൽ ഊർജിതമായി ഇടപെടാൻ പോലീസിനു നിർദേശം നൽകി.ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളിൽ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റർ ആയി കണ്ട് നിലപാടെടുക്കണം. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയായിരിക്കും. ഇക്കാര്യം പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു