ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈഡ്രജൻ ബലൂണുകള്‍ പൊട്ടിത്തെറിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. മുപ്പതോളം പാർട്ടി പ്രവർത്തകർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചെന്നൈയിലെ പാഡി നഗറിലാണ് സംഭവം.
വാതകം നിറച്ച 2,000 ബലൂണുകളാണ് ആഘോഷ സ്ഥലത്ത് പ്രവര്‍ത്തകര്‍ എത്തിച്ചത്. ഈ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി വിടാനായിരുന്നു പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. എന്നാല്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് സ്ഫോടനാത്മകമായ രീതിയില്‍ തീ പടരുകയായിരുന്നു.
ചടങ്ങിലെ മുഖ്യാതിഥി എത്തിയപ്പോള്‍ പൊട്ടിച്ച പടക്കത്തില്‍ നിന്നും തീപടര്‍ന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരാരുടെയും നില ഗുരുതരമല്ല. സെപ്റ്റംബർ 17ന് നടന്ന ഈ അപകടത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.