ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്. വി കെ പ്രശാന്തിന്റെ വാടക കരാർ പരിശോധിക്കുമെന്നും എത്ര സമയം കാലാവധി ഉണ്ട് എന്ന് കാര്യം പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു. വി കെ പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകൾ പരിശോധിച്ചതിനുശേഷം പറയാമെന്ന് അദേഹം വ്യക്തമാക്കി.
കൗൺസിൽ വിഷയം ചർച്ച ചെയ്യുമോ എന്നുള്ള കാര്യവും അതിനുശേഷം തീരുമാനിക്കുമെന്ന് മേയർ അറിയിച്ചു. എംഎൽഎ ഓഫീസ് ഒഴിപ്പിക്കണമെന്ന് കോർപ്പറേഷൻ്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് മേയർ ചോദിച്ചു. കാലഹരണപ്പെട്ട കരാറുകൾ പരിശോധിക്കും. കൗൺസിലർമാർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഫീസ് വേണം. വാണിജ്യ കോംപ്ലക്സുകൾക്ക് കൃത്യമായ വാടക ലഭിക്കണമെന്ന് മേയർ പറഞ്ഞു.
ജനപ്രതിനിധികൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിയമപരമായ എന്തൊക്കെ ഇളവുകൾ ചെയ്യാനാകും എന്നുള്ളത് പരിഗണിക്കുമെന്ന് മേയർ പറഞ്ഞു. അതിൽ വികെ പ്രശാന്ത് ഉൾപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ രേഖകൾ പരിശോധിക്കും. വാടകയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ നോട്ടീസ് അയക്കും. വാടകയ്ക്ക് നൽകിയ തീരുമാനം റദ്ദാക്കാൻ കൗൺസിലിന് അധികാരമുണ്ട്.









