Headlines

വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് 2026 ജനുവരി 10 നകം തറക്കല്ലിടും; ടി സിദ്ദിഖ്

വയനാട് ദുരന്ത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച 100 വീട് 2026 ജനുവരി 10 നകം തറക്കല്ലിടുമെന്ന് ടി സിദ്ദിഖ് എംഎൽഎ. കള്ള പ്രചരണം വിലപ്പോവില്ല. ഞങ്ങളുടെ ആഗ്രഹമായിരുന്നു കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28ന് വീടുകളുടെ തറക്കല്ലിടൽ നടക്കണമെന്ന്. എന്ന് നടക്കും എന്നുള്ളതല്ല പറഞ്ഞതെന്നും സിദ്ദിഖ് ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.

കോൺഗ്രസ് പദ്ധതിയിൽ നിന്ന് ഒരു ഇഞ്ച് പുറകോട്ടില്ല. സിഐഎഎം സൈബർ ഹാൻഡിലുകൾ നടത്തുന്ന കള്ള പ്രചാരണം വിലപ്പോവില്ല. ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്. അതിന്റെ ഭാഗമാണ് കോൺഗ്രസ്. ഇത് പൂർത്തിയാക്കാനുള്ളത് ചെറിയ കാലയളവാണ്. 10 ഏക്കർ ഭൂമിയാണ് ഞങ്ങൾ വാങ്ങിയത്. അതിന്റെ പ്രവർത്തണം ഉടൻ തുടങ്ങും.

വയനാട്ടിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച വീടുകൾ പ്രഖ്യാപനം മാത്രമായി ഒതുങ്ങിയതിൽ ടി സിദ്ദിഖ് എംഎൽഎയെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പിഎസ് രംഗത്തെത്തിയിരുന്നു. ഡിസംബർ 28ന്, കോൺഗ്രസ് പാർട്ടിയുടെ ജന്മദിനത്തിൽ വീടുകളുടെ നിർമാണം തുടങ്ങുമെന്നാണ് ടി സിദ്ദിഖ് എംഎൽഎ നേരത്തെ പറഞ്ഞത്. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കോൺഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നുമെല്ലാം കോൺ​ഗ്രസ് നേതാവ് വലിയ അവകാശ വാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

എന്നാൽ വയനാട്ടിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച വീടുകൾ നേതാക്കളുടെ വാക്കുകളിൽ മാത്രമാണ്. ഡിസംബർ 28 ആയിട്ടും വീട് പണി തുടങ്ങാൻ കോൺ​ഗ്രസിന് ആയിട്ടില്ല. ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട മനുഷ്യരെ പറഞ്ഞുപറ്റിക്കുകയാണ് കോൺ​ഗ്രസ്. ഈ സാഹചര്യത്തിലാണ് സഞ്ജീവ് പിഎസിന്റെ പരിഹാസം. രാഹുൽ ഗാന്ധിക്കും, കെപിസിസിക്കും, വി ഡി സതീശനും, രമേശ്‌ ചെന്നിത്തലക്കും, യൂത്ത് കോൺഗ്രസിനും കഴിയാത്ത വയനാട്ടിലെ വീടുകൾക്ക് തറക്കല്ലിട്ട ടി സിദ്ദിഖ് എന്ന രാഷ്ട്രീയ അത്ഭുതത്തിന് അഭിവാദ്യങ്ങൾ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ സഞ്ജീവ് കുറിച്ചത്.