മമ്മൂട്ടിയുടെ വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയെന്ന് സിദ്ദിഖ്; തന്ത്രപരമായ നീക്കത്തിലൂടെ നേടിയെടുത്തു

അഭിനേതാവും നിര്‍മ്മാതാവുമൊക്കെയായി മലയാള സിനിമയില്‍ സജീവമാണ് സിദ്ദിഖ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. നായകനായും വില്ലനായും സ്വഭാവിക കഥാപാത്രമായും അദ്ദേഹം എത്താറുണ്ട്. ആ നേരം അല്‍പ്പദൂരമെന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ദിഖിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ഹരിഹര്‍ നഗറില്‍ അഭിനയിച്ചതോടെയായിരുന്നു താരത്തിന്റെ അഭിനയ ജീവിതം മാറി മറിഞ്ഞത്. ഇതിന് ശേഷമായി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് സിദ്ദിഖിന്. സംവിധായകരും താരങ്ങളുമൊക്കെയായി വളരെ അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട് അദ്ദേഹം. ഇടയ്ക്ക് അദ്ദേഹം താരങ്ങളെയെല്ലാം വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. മമ്മൂട്ടിയുടെ വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുകെട്ടിലിറങ്ങിയ ആഗസ്റ്റ് 15 ലെ കാര്യത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്.

ഡിവൈഎസ്പി പെരുമാളായാണ് മമ്മൂട്ടി ആഗസ്റ്റ് 15 ല്‍ എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച നേട്ടമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ആഗസ്റ്റ് 1 ന്റെ രണ്ടാം ഭാഗമായാണ് ഷാജി കൈലാസ് ഈ ചിത്രമൊരുക്കിയത്. മുഖ്യമന്ത്രിയുടെ കൊലപാതക ശ്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സിദ്ദിഖും അഭിനയിച്ചിരുന്നു.

വില്ലന്‍ വേഷത്തിലായിരുന്നു സിദ്ദിഖ് എത്തിയത്. ഈ വേഷം താന്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് താരം പറയുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, മേഘ്‌ന രാജ്, സായ് കുമാര്‍, ശ്വേത മേനോന്‍, ലാലു അലക്‌സ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തലൈവാസല്‍ വിജയ്, ബിജു പപ്പന്‍, മധു, ചാലി പാല, കൃഷ്ണ, അംബിക മോഹന്‍, മായാമൗഷ്മി, രശ്മി ബോബന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2011 ലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് എം മണിയായിരുന്നു.

 

ഓഗസ്റ്റ്‌ പതിനഞ്ച്’ എന്ന സിനിമയിലെ കില്ലര്‍ വേഷം തമിഴില്‍ നിന്ന് ഒരു നടനെ കൊണ്ട് ചെയ്യിക്കാനായിരുന്നു തീരുമാനം. പക്ഷേ എനിക്ക് ആ വേഷം ചെയ്യാന്‍ അത്രത്തോളം ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഷാജിയോട് പറഞ്ഞു, ‘തമിഴില്‍ നിന്ന് അങ്ങനെയൊരു നടനെ കൊണ്ട് വരേണ്ട ഇവിടെ ഞങ്ങളെപോലെയുള്ളവര്‍ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യുമല്ലോ.

ആ വേഷം എനിക്ക് നല്‍കിയാല്‍ നിങ്ങള്‍ പറയുന്ന പ്രതിഫലം നല്‍കിയാല്‍ മതിയെന്ന് ഞാന്‍ അതിന്റെ നിര്‍മ്മതാവിനോട് പറഞ്ഞു. മറിച്ച് നിങ്ങള്‍ പറയുന്ന വേഷം ഞാന്‍ ചെയ്യണമെങ്കില്‍ ഞാന്‍ പറയുന്ന പ്രതിഫലം തരേണ്ടി വരുമെന്ന് പറഞ്ഞു.അങ്ങനെ തന്ത്രപരമായ ഒരു നീക്കത്തിലൂടെയാണ്‌ ഓഗസ്റ്റ്‌ പതിനഞ്ചിലെ കില്ലര്‍ വേഷം ഞാന്‍ സ്വന്തമാക്കിയത്.

മമ്മൂട്ടിയും കുടുംബവുമായി അടുത്ത സൗഹൃദമുണ്ട് സിദ്ദിഖിന്. മക്കള്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ ഇരുവരും ഒരുപോലെ സന്തോഷിച്ചിരുന്നു. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം മുന്‍പ് സിദ്ദിഖ് പങ്കുവെച്ചിരുന്നു. ഉസ്താദ് ഹോട്ടലിലെ ഒരു രംഗം വീണ്ടും ചിത്രീകരിക്കണമെന്ന് ക്യാമറമാന്‍ പറഞ്ഞപ്പോള്‍ സിദ്ദിഖ് സമ്മതിച്ചിരുന്നില്ല. അത്രയും മനോഹരമായാണ് ദുല്‍ഖര്‍ അത് ചെയ്തതെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. നമ്മുടെ മക്കളായത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നും ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂയെന്നൊന്നും അവനെ പഠിപ്പിക്കല്ലേയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.