പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ ഭരണം മൂന്നംഗ സമിതിയിലേക്ക്. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഇറാന്റെ ഭരണം ഈ മൂന്നംഗ സമിതിയായിരിക്കും നിയന്ത്രിക്കുക. ഖമനയിയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമനി സ്ഥാനത്ത് എത്തുമെന്നാണ് സൂചന. ജനങ്ങൾ തിരഞ്ഞെടുത്ത മതപണ്ഡിതരുടെ 88 അംഗ സമിതിയാണ് ഇനി അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ഇസ്ലാമിക കാര്യങ്ങളിൽ പാണ്ഡിത്യം ഉള്ള രാജ്യാന്തര കാര്യങ്ങളെ കുറിച്ച് വീക്ഷണമുള്ള ഒരാളെയായിരിക്കും തിരഞ്ഞെടുക്കുക. ഖമനയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷമായിരിക്കും പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ടുകൾ.എന്നാൽ ചരിത്രത്തിലെ വൻ ചെകുത്താൻ കൊല്ലപ്പെട്ടെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ഖമനയിയുടെ മരണത്തിന് ശേഷവും ഇസ്രയേലിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം തുടരുകയാണ്.
അതേസമയം, ആറാംവട്ട ആക്രമണം ഇറാൻ ആരംഭിച്ചിരിക്കുകയാണ്. ദുബൈയിലും ഖത്തറിലും സ്ഫോടനശബ്ദങ്ങൾ കേട്ടു. ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കിയും ഇറാന്റെ മിസൈല്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ബഹ്റൈനിലും കുവൈറ്റിലും സുരക്ഷാ സൈറണുകള്‍ മുഴങ്ങി. ഇറാഖിലെ എർബിലും സ്ഫോടനങ്ങളുണ്ടായി. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിൽ സ്കൂളിന് നേരെയുണ്ടായ
ആക്രമണത്തിൽ മരണം 148 ആയി. മനാമയിലെ ക്രൗൺ പ്ലാസയിൽ ആക്രമണം ഉണ്ടായി എന്നതാണ് ഏറ്റവും പുതിയ വിവരം. ഇറാൻ തിരിച്ചടി തുടർന്നാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.









