2026 തിരഞ്ഞെടുപ്പിൽ വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്. ഒറ്റയ്ക്ക് മത്സരിച്ചാലും ടിവികെ നേട്ടമുണ്ടാക്കും. 2006 ൽ വിജയ്കാന്ത് ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത വിജയകാന്ത് പറഞ്ഞു.
അതുപോലെ വിജയും നേട്ടമുണ്ടാക്കും. ഡിഎംഡികെ ഏത് മുന്നണിയിൽ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ടിവികെ മധുരൈ സമ്മേളനത്തിൽ വിജയ് വിജയകാന്തിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. 2026-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാർട്ടി നേതാക്കളും സജീവമായി പ്രചാരണം നടത്തുകയാണ്.
“ക്യാപ്റ്റന്റെ രഥയാത്ര, “ജനങ്ങളെ തേടിയുള്ള ജനകീയ നേതാവ്, ക്യാപ്റ്റന്റെ രഥം”, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് പ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യ ഘട്ടം ഞങ്ങൾ ആരംഭിച്ചു.
234 മണ്ഡലങ്ങളിലും ഞാൻ നേരിട്ട് പോയി ജനങ്ങളെ കാണും. ഞാൻ പോകുന്നിടത്തെല്ലാം ഡിഎംഡികെയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അതിനാൽ, ജനങ്ങളുടെ പിന്തുണയോടെ, ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ തീർച്ചയായും വിജയിക്കുമെന്നും അവർ വ്യക്തമാക്കി.
സിനിമയിലും രാഷ്ട്രീയത്തിലും നമ്മുടെ പ്രിയപ്പെട്ട നേതാവ് എംജിആറാണെന്നും തനിക്ക് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും എന്റെ സഹോദരൻ(അണ്ണൻ) വിജയകാന്തിനൊപ്പം അത്തരത്തിൽ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.
ഒപ്പം എംജിആറിന്റെ അതേ ഗുണമുള്ള വ്യക്തിയാണ് വിജയകാന്തെന്ന പരാമർശവും നടത്തിയിരുന്നു. ഇതിന് പിന്നാലെ വിജയ്‌യെ വിമർശിച്ച് എൻടികെ നേതാവ് സീമൻ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനാണ് വിജയ് വിജയകാന്തിന്റെ പേരുപയോഗിച്ചതെന്നും വിജയകാന്ത് അസുഖ ബാധിതതനായ സമയം വിജയ് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും സീമൻ ആരോപിച്ചിരുന്നു.