മധുരൈ സമ്മേളനത്തിന് പിന്നാലെ ടിവികെ അധ്യക്ഷന്‍ വിജയ്‌യെ വിമര്‍ശിച്ച് ബിജെപിയും ഡിഎംകെയും. മധുരയില്‍ നടന്നത് പാര്‍ട്ടി സമ്മേളനം അല്ലെന്നും ഒറ്റ ദിവസത്തെ ഷോ ആണെന്നും ബിജെപി നേതാവ് തമിഴിസെ സൗന്ദരരാജന്‍ വിമര്‍ശിച്ചു. വിജയ് പത്രം വായിക്കാറില്ലെന്നും ആരോ എഴുതി നല്‍കുന്നത് വായിക്കുകയാണ് ചെയ്യുന്നതെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പരിഹസിച്ചു.
ടിവികെ സമ്മേളനത്തില്‍ ബിജെപിയേയും ഡിഎംകെയേയും കടന്നാക്രമിച്ച വിജയ്‌യെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇരു പാര്‍ട്ടികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച വിജയ്‌യുടെ പാര്‍ട്ടിക്ക് എന്ത് നയമാണ് ഉള്ളതെന്ന് ബിജെപി നേതാവ് തമിഴ്‌സൈ സൗന്ദരരാജന്‍ ചോദിച്ചു, മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയില്ലായിരുന്നു എങ്കില്‍ പരിപാടിയെ കുറിച്ച് ആരും അറിയില്ലായിരുന്നുവെന്നും വിമര്‍ശനമുണ്ട്.
വിജയ്ക്ക് ആകെ അറിയുന്നത് സിനിമയെ പറ്റിയാണെന്ന് ടി കെ ഇളങ്കോവന്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിജയ് അങ്കിള്‍ എന്ന് വിളിച്ച് കളിയാക്കിയതിലും വിമര്‍ശനം കടുക്കുകയാണ്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കുമെന്നാണ് വിജയ് ഇന്നലെ പ്രഖ്യാപിച്ചത്. ബിജെപിയേയും ഡിഎംകെയേയും കടന്നാക്രമിച്ച വിജയ് എംജിആറിനെയും വിജയ്കാന്തിനെയും പുകഴ്ത്തിയും സംസാരിച്ചു. ഒന്നരലക്ഷത്തില്‍ അധികം പേര്‍ പങ്കെടുത്ത ടിവികെയുടെ രണ്ടാം വാര്‍ഷികസമ്മേളനമാണ് ഇന്നലെ മധുരയില്‍ നടന്നത്.