മണ്ണിടിച്ചിൽ ഉണ്ടായ താമരശേരി ചുരത്തിൽ നിലവിൽ അപകടഭീഷണി ഇല്ലെന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്. ഇന്ന് കൂടുതൽ പരിശോധനകൾ നടത്താനാണ് തീരുമാനം. ഭാരം കൂടിയ വാഹനങ്ങൾ കടത്തി വിടണമോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് തീരുമാനം എടുക്കും. സ്ഥലത്ത് നിയന്ത്രണം തുടരാനാണ് തീരുമാനം. മഴ ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്.
റോഡിൽ വിള്ളലുണ്ടോ എന്ന് പരിശോധിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് ആശയവിനിമയം നടത്തിയില്ലെന്ന ടി സിദ്ദിഖ് എംഎൽഎയുടെ ആരോപണങ്ങളും കളക്ടർ തള്ളി.
ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. വയനാട് കളക്ടർ ആർ മേഘശ്രീയുമായി കൃത്യമായ ആശയവിനിമയം നടത്തിയിരുന്നു.ഡെപ്യൂട്ടി കളക്ടർ ഉൾപ്പടെ സ്ഥലത്ത് എത്തുകയും എല്ലാ വിവരങ്ങളും കൃത്യമായി അറിയുന്നുണ്ടായിരുന്നുവെന്നും കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കി.
അതേസമയം, മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കളക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും നിർദ്ദേശമുണ്ട്.