സിഡ്‌നിയില്‍ നടന്ന അവസാന ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി വിവരം. ഐസിയുവിലായിരുന്ന താരത്തെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ക്രിക് ബസ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ താരത്തിന്റെ ബന്ധു ഓസ്‌ട്രേലിയയിലേക്ക് എത്തുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹര്‍ഷിത് റാണയുടെ ബോളിങിനിടെ അലക്‌സ് കെറിയെ പുറത്താക്കാനായി ഒരു ഡൈവിംഗ് ക്യാച്ചിനുള്ള ശ്രമത്തിനിടെ വീണാണ് ശ്രേയസിന്റെ വാരിയെല്ലുകളിലും കൈമുട്ടുകളിലും പരിക്കേറ്റത്.
അപ്പോള്‍ തന്നെ താരത്തെ ബിസിസിഐയുടെ മെഡിക്കല്‍ സംഘം പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ശ്രേയസ് ബിസിസിഐ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിലാണ്. ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുന്ന ടീം ഡോക്ടര്‍ ഡോ. റിസ്വാന്‍ ഖാനുമായി അധികൃതര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ശ്രേയസിന്റെ സുഹൃത്തുക്കളും ഒരു കുടുംബാംഗവും മുംബൈയില്‍ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണെന്ന് വിവരം. വിസ ഔപചാരികതകള്‍ പൂര്‍ത്തിയായാല്‍ എല്ലാവരും യാത്ര തുടങ്ങും.
ആരാധകര്‍ക്ക് ആശങ്കയായി ശ്രേയസ് അയ്യരുടെ പരിക്ക്; കുടുംബാംഗം സിഡ്‌നിയിലേക്ക്






