ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്‌നാട് വ്യവസായി ഡി മണി. വേട്ടയാടരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണന്റെ മൊഴിയില്‍ വൈരുധ്യമെന്ന് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐടി കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുമ്പോഴാണ് ഡി മണിയുടെ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്.
താനൊരു സാധാരണക്കാരനാണെന്നും തനിക്കൊന്നുമറിയില്ലെന്നും വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനായാണ് താന്‍ കേരളത്തില്‍ വന്നത്. തന്നെ അന്വേഷിച്ച് കേരളത്തിലെ പൊലീസ് സംഘം ഇവിടെ വന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ബാലമുരുകന്‍ സുഹൃത്താണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ച് ടിവിയിലെ വാര്‍ത്തകള്‍ കണ്ടാണ് അറിഞ്ഞതെന്നും ആ അറിവ് മാത്രമേ ഇപ്പോഴും ഉള്ളൂവെന്നും ഡി മണി പറയുന്നു. പ്രത്യേക അന്വേഷണസംഘം ചോദിച്ചതിനെല്ലാം കൃത്യമായി താന്‍ മറുപടി നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണന്‍ എന്നയാളെ തനിക്ക് അറിയുകയേയില്ല. കേസില്‍ ഇനിയും തന്നെ വേട്ടയാടരുതെന്ന് പറഞ്ഞ ഡി മണി ആത്മഹത്യാഭീഷണിയും മുഴക്കി. ഡിസംബര്‍ 30ന് താന്‍ എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









