Headlines

യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി, ഇടതുപക്ഷം ഇവരുമായി ഒരു നീക്കുപോക്കും നടത്തുന്നില്ല’: എം വി ഗോവിന്ദൻ

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അവസാനിച്ചു. ശബരിമല അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സിപിഐഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. പത്മകുമാർ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ച ആയിട്ടില്ല. പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആർക്കും ഒരു സംരക്ഷണവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെനെതിരെ പരാതി നൽകാത്തത് കൊണ്ടാണ് ജയിലിൽ ആകാത്തത്. ഇത് ആദ്യത്തെ വിഷയം അല്ലല്ലോ. പല ഓഡിയോകളും പുറത്തു വന്നല്ലോ?. പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണ്. കോൺഗ്രസ് എല്ലാവരെയും സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് സിപിഐഎമ്മിനോട് ചോദിക്കുന്നത്. പരാതിയുമായി വന്നാൽ ജയിലിലാകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

കേരളത്തിലെ യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറിക്കൊണ്ടിരിക്കുന്നു. യുഡിഫിന്റെ വർഗീയ ആശയ രൂപീകരണത്തിൽ ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്നു. ഇടതുപക്ഷം ഇവരുമായി ഒരു നീക്കുപോക്കും നടത്തുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.വെല്‍ഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് സാദിഖലി തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.