എസ്എസ്കെ ഫണ്ട് തടയാൻ കേരളത്തിലെ ബിജെപി നേതൃത്വം ഇടപെട്ടുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഞ്ചുവർഷം കൊണ്ട് ഒന്നും നടന്നില്ലെങ്കിൽ ഇങ്ങനെ കഥകൾ പറയും. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇവർ അഞ്ചുകൊല്ലവും ഓഡിറ്റും ഒന്നും ചെയ്തില്ല. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവർക്ക് നല്ലൊരു മറുപടി നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിൽ ബിജെപിയെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഫണ്ട് തടഞ്ഞു വയ്ക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വവും , കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരും ഇടപെടുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം. രാജീവ് ചന്ദ്രശേഖർ മറുപടി പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരന്നു. പിന്നാലെയാണ് മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയത്.
കേരളത്തിന് പണം നൽകാതിരിക്കാനാണ് ബിജെപി ഇടപെടൽ എന്ന് മന്ത്രി പറഞ്ഞു. രണ്ട് കേന്ദ്ര സഹ മന്ത്രിമാരും കേരളത്തിന് പണം നൽകാതിരിക്കാൻ ഇടപെട്ടു. തനിക്ക് കിട്ടിയ അറിവിൻ്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഫണ്ട് ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.








