Headlines

അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങില്‍ സ്ഥലം എംപിക്ക് ക്ഷണമില്ല; ദളിതനായതിനായതുകൊണ്ട് അവഗണിച്ചെന്ന് എംപി

ദളിതനായതുകൊണ്ട് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് സ്ഥലം എംപി അവധേഷ് പ്രസാദ്. ക്ഷണിച്ചാൽ നഗ്നപാദനായി ചടങ്ങിൽ പങ്കെടുക്കും. ശ്രീ രാമൻ എല്ലാവരുടേതുമാണ്. ദളിതനായതുകൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചിലരുടെ സങ്കുചിത മനസ്ഥിതിയാണ് തന്നെ ക്ഷണിക്കാതിരിക്കാന്‍ കാരണമെന്നും ഫൈസബാദ് എം പി പറഞ്ഞു.

കൂടുതൽ പുറത്തുനിന്നുള്ളവർ വരുന്നുണ്ട്, നാട്ടുകാർക്കും അവസരം ലഭിച്ചിട്ടില്ലെന്നും എംപി ആരോപിച്ചു. പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിട്ടും തന്നെ ക്ഷണിച്ചില്ല. പൊതുജനങ്ങളാണ് എന്നെ ഇവിടെ വിജയിപ്പിച്ചത്. അതിനാൽ എനിക്ക് ഇടം ലഭിക്കേണ്ടതായിരുന്നു. അയോധ്യ ക്ഷേത്രം നിലനില്‍ക്കുന്ന ഫൈസാബാദില്‍ എസ്പി സ്ഥാനാര്‍ഥിയായ അവധേഷാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

അവധേഷിനെ തഴഞ്ഞതില്‍ കോണ്‍ഗ്രസ് എംപി ഇമ്രാൻ മസൂദ് രംഗത്തെത്തി. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി വരുന്നുണ്ടെങ്കിൽ, പ്രാദേശിക എംപിക്കാണ് വേദിയില്‍ ആദ്യ ഇടം ലഭിക്കേണ്ടത്. പക്ഷേ അദ്ദേഹം ഒരു ദളിതനായതിനാൽ ക്ഷണിച്ചില്ലെന്നും മസൂദ് പറഞ്ഞു.