Headlines

എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം: നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യോമയാന മന്ത്രാലയം

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെയുണ്ടായ കരിമേഘപടലങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയം. ചില വിമാനങ്ങൾ റദ്ദാക്കുകയും പലതും വൈകുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് എത്തിയതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഡൽഹിയിലെവായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ചാര മേഘങ്ങൾ ആശങ്ക ഉയർത്തിയിരുന്നു. 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിക്കുകയായിരുന്നു.

സുരക്ഷാ പരിശോധനക്കായി ഇന്ന് എയർ ഇന്ത്യയുടെ നാല് സർവീസുകൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് അടക്കമുള്ള സർവീസുകൾ മുടങ്ങിയിരുന്നു.മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായും വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.