ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്. മുരാരി ബാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
29ന് കസ്റ്റഡിയിൽ വാങ്ങി മുരാരി ബാബുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എസ്ഐടി ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് വിറ്റ സ്വർണം വീണ്ടെടുക്കാനാണ് എസ്ഐടിയുടെ നീക്കം.
അതേസമയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ഇരുന്നാൽ രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻമാരായ പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ ജനറൽ സെക്രട്ടറിമാർ തുടങ്ങിയ നേതാക്കൾ കോരിച്ചുന്ന മഴയിലും പ്രവർത്തകർക്കൊപ്പം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യമുയർത്തി.
രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.പലതരം അഴിമതികളും രാജ്യവും കേരളവും കണ്ടിട്ടുണ്ടെങ്കിലും ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് പി. കെ. കൃഷ്ണദാസ് പരിഹസിച്ചു. കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വം ബോർഡ് പിരിച്ചുവിടുക, ദേവസ്വംബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുക, എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തര CAG ഓഡിറ്റ് നടത്തുക എന്നിവയാണ് ബിജെപി ഉയർത്തുന്ന ആവശ്യങ്ങൾ. രാവിലെയുടെ കൂടുതൽ പ്രവർത്തകരെ സെക്രട്ടറിയേറ്റിന് മുന്നിലെത്തിച്ച് സെക്രട്ടറിയേറ്റ് വളയാനാണ് ബിജെപി തീരുമാനം. പ്രതികൂല കാലാവസ്ഥ പ്രവർത്തകരുടെ പങ്കാളിത്തം കുറയ്ക്കുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.






