Headlines

പി.എം. ശ്രീ പദ്ധതി; പ്രതിഷേധം തുടർന്ന് സിപിഐ, മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാൻ ആലോചന

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ പ്രതിഷേധം തുടർന്ന് സിപിഐ.മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്നതിനൊപ്പം മറ്റ് നടപടികൾ കൂടി ആലോചിക്കാൻ ധാരണ. സിപിഐഎമ്മിൽ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നൽകണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. അതിനിടെ സിപിഐ വകുപ്പുകളും കേന്ദ്രഫണ്ട് വാങ്ങിയെന്ന വി.ശിവന്‍കുട്ടിയുടെ പരാമർശത്തിന് എതിരെ കൃഷിവകുപ്പ് രംഗത്തുവന്നു. പദ്ധതിയിൽ ഒന്നും ഒരു ബ്രാൻഡിങ്ങും ഇല്ലെന്നാണ് മറുപടി.

പി എം ശ്രീ പദ്ധതി യിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന സർക്കാറിന്റെ നടപടിയിൽ എതിർപ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.

ഇന്ന് ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ച ചെയ്യും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളുടെ ചുമതലകൾ, ബിഹാർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചർച്ച ചെയ്യും.