കേരളത്തില്‍ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം നവംബറില്‍ തുടങ്ങിയേക്കും.
നവംബർ ഒന്ന് മുതല്‍ തീവ്ര പരിഷ്കരണം തുടങ്ങാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ പരിഷ്കരണം നീട്ടിവെക്കണമെന്ന കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യം തള്ളിയതായാണ് വിവരം. കേരളത്തിന് പുറമേ പശ്ചിമബംഗാൾ തമിഴ്നാട് പുതുച്ചേരി എന്നിവിടങ്ങളിലും നവംബർ ഒന്നിന് പ്രക്രിയ ആരംഭിച്ചേക്കും.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ കേരളം പമേയം പാസാക്കിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു. രേഖകള്‍ ഇല്ലെന്നതിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.






