ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുന്നു. കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇയാളുടെ കോട്ടയം പെരുന്നയിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
ശബരിമലയിലെ ദ്വാരപാലക പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റെന്ന നിര്‍ണായക കണ്ടെത്തലാണ് എസ്‌ഐടിക്ക് ലഭിച്ചത്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം വിപണി വിലയ്ക്ക് വിറ്റത്. സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ബാക്കി വന്ന ഈ സ്വര്‍ണം പോറ്റിക്ക് നല്‍കിയത് സ്മാര്‍ട്ട് ക്രിയേഷന്‍സാണ്. ഇക്കാര്യം ഗോവര്‍ധന്‍ എസ്‌ഐടിയോട് സ്ഥിരീകരിച്ചു.
ഇതിന്റെ ഭാഗമായി പോറ്റിയുമായി തെളിവെടുപ്പിന് എസ്‌ഐടി ബംഗളൂരുവിലേക്ക് തിരിച്ചു. ബെല്ലാരിയിലെത്തി വിറ്റ സ്വര്‍ണം വീണ്ടെടുക്കാനും ശ്രമിക്കും. ഒപ്പം ചെന്നൈ അമ്പത്തൂരിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിയും തെളിവെടുപ്പ് നടത്തും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരിച്ചെത്തിച്ച ശേഷം മുരാരി ബാബുവിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കും.







