Headlines

കണക്ക് അത്ര വശമില്ലെന്ന് തോന്നുന്നു ;പഴയ ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചാറ്റ്ജിപിടി പിന്നിലെന്ന് പഠനം

ചാറ്റ്ജിപിടി യ്ക്കും കണക്കുകൾ തെറ്റുന്നതായി പഠനം. 2,300 വർഷം പഴക്കമുള്ള ഗണിതശാസ്ത്ര പസിൽ പരിഹരിക്കാൻ ചാറ്റ്ജിപിടി-4 പാടുപെടുന്നതായി കേംബ്രിഡ്‍ജ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.

ഗവേഷകർ പ്ലേറ്റോയുടെ ‘ഡബ്ലിങ് ദി സ്‌ക്വർ’ എന്ന പ്രോബ്ലം നൽകുകയും അതിന് ഉത്തരം നൽകാൻ ചാറ്റ്ജിപിടി-4 ന് കൃത്യമായ ഉത്തരം നൽകാൻ സാധിക്കാതെ വന്നെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൽകിയ ഉത്തരങ്ങൾ തന്നെ ചാറ്റ്ജിപിടി വീണ്ടും നൽകുകയും പ്ലേറ്റോയുടെ പഴയ ജ്യാമിതീയ രീതിക്ക് പകരം, ഒരു ആധുനിക ബീജഗണിത രീതി ഉപയോഗിച്ച് ഉത്തരം നൽകുകയും ചെയ്തു. എന്നാൽ ഗവേഷകർക്ക് തെറ്റായതും കൂടുതൽ ആശയകുഴപ്പത്തിലാകുന്നതുമായ ഉത്തരങ്ങൾ ആണ് ലഭിച്ചതെന്ന് പഠനത്തിൽ പറയുന്നു.

‘സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ്’ (ZPD) എന്നതിന്റെ അടിസ്ഥാനത്തിലാണ് ChatGPT പ്രവർത്തിക്കുന്നതെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് മാത്തമാറ്റിക്കൽ എഡ്യൂക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ചാറ്റ്ജിപിടിയ്ക്ക് എല്ലായ്പ്പോഴും സ്വതന്ത്രമായി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഗൈഡഡ് പ്രോംപ്റ്റിംഗിലൂടെ മാത്രമേ പരിഹാരങ്ങളിൽ എത്തിച്ചേരാൻ സാധിക്കൂ എന്നും ഗവേഷകർ പറയുന്നു.

അധ്യാപകരും വിദ്യാർഥികളും ഇപ്പോൾ പഠന സഹായത്തിനായി കൂടുതലും ഉപയോഗിക്കുന്നത് എഐ ചാറ്റ് ബോട്ടിനെയാണ്. എന്നാൽ അവ നൽകുന്ന ഉത്തരങ്ങൾ എത്രത്തോളം കൃത്യമാണെന്ന് പറയാൻ സാധിക്കില്ലെന്നും , വിശദമായി ഉത്തരങ്ങൾ പരിശോധിക്കണമെന്നും ഗവേഷകർ പറയുന്നു.