കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.വലതുവാരിയെല്ലിനേറ്റ ആഴത്തിൽ ഉള്ള മുറിവ് ആണ് മരണകാരണം. മൃതദേഹം പുരുഷൻ്റെതെന്നും, ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്നും പൊലീസ് പറഞ്ഞു.പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക വിവരങ്ങൾ ലഭിച്ചു.
പുനലൂർ, മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ഇന്നലെയാണ് കൈകാലുകൾ ചങ്ങലയ്ക്ക് ബന്ധിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങളാണ് പുറത്ത് വന്നത്. കൊല ചെയ്യപ്പെട്ടയാൾക്ക് ഇടതുകാലിന് സ്വാധീനമില്ലെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നുമാണ് പൊലീസ് നിഗമനം. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലെ മാൻ മിസ്സിംഗ് കേസുകളും പരിശോധിക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് പൊലീസത്തി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച പരിശോധന നടത്തി. സൈബർ പൊലീസും പ്രദേശത്ത് നിന്ന് വിവരങ്ങൾ ശേഖരിച്ചു. ആളെ തിരിച്ചറിയാത്തതിനാൽ ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.