ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി വിവരം. സംഘത്തിലെ അഞ്ച് ഡോക്ടേഴ്സ് ചേർന്നാണ് പണം സ്വരൂപിച്ചത്. രണ്ട് വർഷം കൊണ്ട് സ്ഫോടകവസ്തുക്കളും റിമോട്ട്-ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിച്ചു. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ നിന്നാണ് അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചത്.
റഷ്യയിൽ നിന്നുൾപ്പെടെയുള്ള ആയുധങ്ങൾ വൈറ്റ് കോളർ ഭീകര സംഘം ശേഖരിച്ചതായും ഡോക്ടർ മുസമ്മിൽ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനായി നിർണായകമായ ഇടപെടലുകൾ നടത്തിയത് നേരത്തെ അറസ്റ്റിലായ സംഘത്തിലെ വനിതാ ഡോക്ടറായ ഷഹീൻ ഷഹീദ് ആണെന്ന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനായി ഡീപ്പ് ഫ്രീസർ സംഘടിപ്പിച്ചതായും മുസമ്മിൽ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ആക്രമണ രീതി, സാമ്പത്തികം എന്നിവയെ കുറിച്ച് വൈറ്റ് കോളർ ഭീകര സംഘത്തിനിടയിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അഭിപ്രായ ഭിന്നതയെ തുടർന്ന് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്ന കാറോടിച്ച ഡോക്ടർ ഉമർ മുഹമ്മദ് .ഡോ. ആദിൽ റാത്തറിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല .ജമ്മു കാശ്മീരിൽ മൗലവി ഇർഫാൻ അറസ്റ്റിൽ ആയതോടെ ഉമർ വീണ്ടും കാശ്മീരിൽ എത്തി. ഖാസി ഗുണ്ടിൽ വച്ച് സംഘത്തിലെ അംഗങ്ങളുമായി ഉണ്ടായ അഭിപ്രായ ഭിന്നത പരിഹരിച്ചു. അൽ ഖ്വയ്ദയോട് താല്പര്യമുള്ളവർ ആയിരുന്നു അറസ്റ്റിലായ അദിൽ റാത്തറും ഇർഫാനും എന്നാൽ ഉമർ മുഹമ്മദിന് ഐഎസിനോട് ആയിരുന്നു താല്പര്യം.








