ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ ജെയ്ഷ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത് തുർക്കിയിൽ വച്ചെന്ന് വിവരം. ഡോക്ടർ ഉമർ മുഹമ്മദും ഡോക്ടർ മുസമ്മിലും തുർക്കി സന്ദർശിച്ചിരുന്നു.
ഇരുവരുടെയും പാസ്പോർട്ടുകളിൽ തുർക്കി ഇമിഗ്രേഷൻ സ്റ്റാമ്പുകളും കണ്ടെത്തി.
പ്രതികൾ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.
തുർക്കി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് ഡോക്ടർ മുസമ്മിൽ അൽ ഫലാഹ് മെഡിക്കൽ കോളജിൽ ചേർന്നത്. ഡോ. അദീലിന് സഹാറൻപൂരിലായിരുന്നു നിയമനം. റിക്രൂട്ട്മെൻ്റിനായി വിവിധ സംസ്ഥാനങ്ങളിൽ നിയമനം തിരഞ്ഞെടുക്കുകയായിരുന്നു. ഭീകരസംഘത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയ എല്ലാവരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനിടെ ഡൽഹിയിൽ സ്ഫോടനം ഉണ്ടായ സ്ഥലത്തിന് സമീപം നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി. 500 മീറ്ററോളം അകലെയുള്ള ടെറസിന് മുകളിൽ നിന്നാണ് അറ്റുപോയ കൈ കണ്ടെത്തിയത്. സമീപവാസികളാണ് ഇത് ആദ്യം കാണുന്നത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെി മൃതദേഹ അവശിഷ്ടം കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മെട്രോ സ്റ്റേഷന് സമീപം വൈകുന്നേരം 6.55 ഓടെയായുണ്ടായ കാർ സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. പുൽവാമ സ്വദേശി ഡോ. ഉമർ ഉൻ നബിയാണ് ചെങ്കോട്ട ഭീകരാക്രമണം നടത്തിയത്. രാജ്യം നടുങ്ങിയ സ്ഫോടനത്തിന് പിന്നിൽ ഭീകരസംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം NIAയ്ക്ക് കൈമാറിയിരുന്നു. ഉമർ നബിതന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സ്ഫോടനം നടത്തിയ ഐ 20 കാർ വാങ്ങാൻ ഉമർ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ താരിഖ് എന്ന പേര് ഉപയോഗിച്ചതായി വിവരം.ഉമറിന്റെ എക്കോ സ്പോർട് കാർ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഉമറും ഡോ. മുസമ്മിൽ ഷക്കീലുമെന്ന് എൻഐഎ. ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായി റിപ്പോർട്ട്.








