Headlines

ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി; കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും.രാവിലെ ഒമ്പതരയ്ക്ക് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുക.

ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്‍റിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ് പൊലീസ് സുരക്ഷയിലാണ് നേരിയ അളവിൽ സംസ്കരണം തുടങ്ങിയത്.
അതേസമയം പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. പ്ലാന്റ് പ്രവർത്തിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. നിരോധനാജ്ഞ നവംബര്‍ 13 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചിരുന്നു.