Headlines

ഫ്രഷ് കട്ട്: ജില്ലാ കളക്ടര്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കും

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

അതേസമയം കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സമരസമിതി ചെയർമാൻ പറഞ്ഞു. പൊലീസും ഉടമയും തമ്മിലുള്ള ആസൂത്രണത്തിന്റെ ഭാഗമായിയുണ്ടായ പ്രശ്നങ്ങളാണെന്നും ചെയർമാൻ ബാബു കുടിക്കൽ വ്യക്തമാക്കി. അതേസമയം സംഘർഷത്തിൽ രണ്ട് സമരസമിതിയംഗങ്ങളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു

ഫ്രഷ് കട്ട് സംഘർഷം ആസൂത്രിതമെന്ന നിലപാടിലാണ് സമര സമിതി. ജനാധിപത്യപരമായാണ് സമരം നടന്നത്, പോലീസിനെ ആക്രമിച്ചിട്ടില്ല, ഉപയോഗശൂന്യമായ വാഹനങ്ങൾ നശിപ്പിച്ചത് ഫ്രഷ് കട്ട് മുതലാളി തന്നെ, വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെയർമാൻ ബാബു കുടിക്കൽ ആവശ്യപ്പെട്ടു.
പൊലീസിന്റെയും ഫയർഫോഴ്സിന്റെയും പരാതി ഉൾപ്പെടെ 8 എഫ്ഐആറുകൾ ആണ് നിലവിൽ താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഘർഷത്തിൽ എസ്ഡിപിഐ ബന്ധമുണ്ട് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐഎം. എന്നാൽ സ്ഥലം എംഎൽഎ എംകെ മുനീർ പറയുന്നത് സിപിഐഎമ്മും പോലീസും തമ്മിലുള്ള അന്തർധാരയാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് . സിപിഐഎം ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് എസ്ഡിപിഐ . സിപിഎമ്മിന് ഫ്രഷ് കട്ട് മുതലാളിയുമായി അടുത്ത ബന്ധമാണെന്നും യുഡിഎഫും എസ്ഡിപിഐയും ആവർത്തിക്കുന്നു.