ഫോർഡ് എക്കോസ്പോർട്ട് കാറിന് വേണ്ടി അന്വേഷണം ഊർജിതം.ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ടിനായി ഡൽഹി പോലീസ് പ്രത്യേക സംഘത്തെ വിന്യസിച്ചു.അഞ്ചു പ്രത്യേക സംഘങ്ങൾ തെരച്ചിൽ നടത്തുന്നു.
ഉത്തർപ്രദേശ്, ഹരിയാന പൊലീസുകൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ടോൾ പ്ലാസകൾ കേന്ദീകരിച്ചു അന്വേഷണം ആരംഭിച്ചു. ഡോ. ഉമർ മുഹമ്മദദിന്റ പേരിൽ രജിസ്റ്റർ ചെയ്തതാണ് കാർ. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്നതാണ് കാർ.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിൽ എന്നയാളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജമ്മു കശ്മീർ സ്വദേശിയാണ്. ഇയാളിൽ നിന്നാണ് കൂട്ടാളികളായ ഉമർ, ഡോ. മുസമ്മിൽ എന്നിവരിലേക്ക് അന്വേഷണം എത്തുന്നത്. ഇവർക്ക് ലഭിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കളാണ് എന്ന വിവരമാണ് ഇപ്പോൾ പൊലീസും ഏജൻസിയും വ്യക്തമാക്കുന്നത്.
ഡൽഹി സ്ഫോടന കേസ് എൻഐഎക്ക് കൈമാറിയെങ്കിലും ഭീകരരുടെ അറസ്റ്റുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് ഇപ്പോഴും അന്വേഷിക്കുന്നത് ഹരിയാന പൊലീസാണ്. ജമ്മു കശ്മീർ പൊലീസും അന്വേഷണത്തിന്റെ ഭാഗമായുണ്ട്. ഡൽഹി നഗരത്തിലെ സ്ഫോടനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്രയും സ്ഫോടക വസ്തുക്കൾ ഭീകരർ എത്തിച്ചത് എന്നാണ് പൊലീസിന് അന്വേഷണത്തിനിടെ ലഭിച്ച വിവരം.
അതേസമയം ഡൽഹിയിൽ റെഡ് ഫോർട്ടിനു സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഭീകര സംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ അടക്കം നേത്യത്വത്തിൽ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.







