Headlines

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം: സിപിഐ

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് സിപിഐ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിലവിലെ നിയമനരീതി മാറ്റണമെന്നും വാർത്താക്കുറിപ്പിൽ സിപിഐ ആവശ്യപ്പെട്ടു. എസ്ഐആർ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നതയെന്ന് റിപ്പോർട്ടുകൾ‌ പുറത്തുവന്നിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ 10 മാസത്തിനിടെ മറ്റ് കമ്മീഷണർമാർ രേഖപ്പെടുത്തിയത് 14 വിയോജിപ്പുകൾ. ഇതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു എന്നാൽ 10 മാസത്തിനിടയിലെ ഏതാനും ആഭ്യന്തര കുറിപ്പുകൾ മാത്രം പെരുപ്പിച്ച് കാണിക്കുന്നത് ശരിയായ നടപടി അല്ല എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.
കമ്മിഷനിലെ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും സ്വാഭാവികം. ഓരോ ഉദ്യോഗസ്ഥനും തിരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്താനുള്ള നിർദേശം നൽകാൻ പൂർണ അധികാരമുണ്ട്. എസ്ഐആർ അടക്കമുള്ള പ്രധാന തീരുമാനങ്ങൾ നടപ്പാക്കിയത് കൂട്ടായ തീരുമാനങ്ങളിലൂടെ എന്നും കമ്മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.