കണ്ഠമിടറി മഴയത്തും മുദ്രാവാക്യം വിളിച്ച് വിഎസിനെ അവസാനനോക്ക് കാണാൻ ജനസാഗരം ഒഴുകിയെത്തി; ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും ജനസഞ്ചയം

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിലാപയാത്ര ഡിസി ഓഫീസിൽ നിന്ന് മടങ്ങി. ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു. കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനസാഗരമാണ് ഒഴുകിയെത്തുന്നത്.

ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. ആലപ്പുഴ ഡിസി ഓഫീസിൽ വിഎസിന്റെ പൊതുദർശനം പുരോഗമിക്കുമ്പോൾ നിയന്ത്രിക്കാനാവാത്ത വിധമാണ് ജനക്കൂട്ടം. ഇവിടത്തെ പൊതുദർശനത്തിന് ശേഷം വിഎസിനെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് തിരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എം വി ഗോവിന്ദന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളും ആബാലവൃദ്ധം ജനങ്ങളും പാർട്ടി ജില്ലാ ഓഫീസിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 3.20ഓടെയാണ് പാര്‍ട്ടി ഓഫീസില്‍ എത്തിച്ചത്. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തിയിരുന്നു.