സഖാവിനെക്കാണാതെ മടങ്ങില്ല’ ; വേലിക്കകത്ത് വീട്ടിലേക്ക് ഒഴുകി ജനസാഗരം

പുന്നപ്രയുടെ പോരാളിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ‘വേലിക്കകത്ത്’ വീട്ടിലും വന്‍ ജനത്തിരക്ക്. പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആര്‍ത്തലമ്പിയെത്തുകയാണ് ജനം. വിഎസിന്റെ ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചിട്ട് രണ്ട് മണിക്കൂര്‍ പിന്നിട്ടു. 12.15നാണ് വിലാപ യാത്ര വേലിക്കകത്ത് വീട്ടില്‍ എത്തിയത്. വീട്ടില്‍ ക്യു അവസാനിപ്പിച്ചു. പുതുതായി ആരും ക്യുവില്‍ നില്‍ക്കരുതെന്ന് നിര്‍ദ്ദേശം. വിലാപ യാത്ര ആലപ്പുഴ ഡിസിയിലേക്ക് പുറപ്പെടാന്‍ തയാറാകുന്നു.

പുതുതായി ക്യൂവില്‍ ആള്‍ക്കാര്‍ കയറരുത്. ഇനി വരുന്നവര്‍ നേരെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എന്ന അനൗണ്‍സ്‌മെന്റ് പല തവണയായി മുഴങ്ങുന്നുണ്ട്. ക്യൂ വളരെ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്. പുറത്ത് നിന്ന് വാഹനങ്ങളില്‍ വന്നവര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് പോകണമെന്ന് എച്ച്. സലാം എംഎല്‍എ അടക്കം അഭ്യര്‍ഥിച്ചിട്ടുണ്ട്. നിര്‍ദേശം നല്‍കിയിട്ടും മടങ്ങാന്‍ തയാറാകാതെ ഗേറ്റിന് പുറത്ത് ജനക്കൂട്ടം നിലയുറപ്പിക്കുകയാണ്. അതേസമയം, റിക്രിയേഷന്‍ ഗ്രൗണ്ടിലും കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ്. തങ്ങളുടെ സഖാവ് ഇവിടെയുള്ളിടത്തോളം ഈ ക്യൂ അവസാനിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ വികാര നിര്‍ഭരമായി പ്രതികരിക്കുന്നത്.

വീട്ടില്‍ നിന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് വിഎസിനെ കൊണ്ടുപോകുക. അവിടെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്.

ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയില്‍ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോല്‍പ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി.

വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്.