22 മണിക്കൂർ പിന്നിട്ട് യാത്ര, സംസ്കാര സമയക്രമത്തിൽ മാറ്റം; വേലിക്കകത്ത് വീട്ടിൽ വി എസ് എത്തി, ; വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്ക് ജനപ്രവാഹം

വി എസ് അച്യുതാനന്ദന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തി. 22 മണിക്കൂർ പിന്നിട്ട യാത്രയാണ് വേലിക്കകത്ത് വീട്ടിൽ എത്തിയത്. വിപ്ലവ സൂര്യനെ അവസാനമായി കാണാൻ വീട്ടിലേക്കും ജനപ്രവാഹം. ജനങ്ങളുടെ സ്നേഹച്ചൂടിൽ വെയിലും മഴയും തോറ്റു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്.

ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിൽ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.

വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്.