മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തന്‍ യു കേല്‍ക്കറെ നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് സിപിഐഎം വിമര്‍ശനം. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ മാറുന്നുവെന്ന വിമര്‍ശനമാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം. ചീഫ് ഇലക്ടറല്‍ ഓഫിയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു രത്തന്‍ യു കേല്‍ക്കര്‍. ഈ പശ്ചാത്തലത്തിലാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. (CPIM criticizes Ratan U Kelkar’s appointment as Chief Minister’s secretary)
തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല എന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫിന് വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബി.ജെ.പിയും, തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. അതേസമയം രത്തന്‍ യു കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.







