‘രത്തന്‍ ടാറ്റ ഉണ്ടായിരുന്നെങ്കില്‍ ഇതാകുമോ അവസ്ഥ?’ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നതായി വിമര്‍ശനം

260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നതായി ചൂണ്ടിക്കാട്ടി ടാറ്റയ്‌ക്കെതിരെ വിമര്‍ശനം. രത്തന്‍ ടാറ്റ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥ വരില്ലെന്നാണ് വിമര്‍ശനം. യുഎസ് അറ്റോണി മൈക് ആന്‍ഡ്രൂസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ വരുന്നത്. രത്തന്‍ ടാറ്റ ജീവിച്ചിരുന്നെങ്കില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഈ കാലതാമസം അദ്ദേഹം വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും എത്രയും വേഗം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളില്‍ സഹായമെത്തിച്ചേനെ എന്നുമാണ് മൈകിന്റെ പ്രതികരണം. എഎന്‍ഐയ്ക്ക് അനുവദിച്ച പ്രതികരണത്തിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനായ രത്തന്‍ ടാറ്റയുടെ മനുഷ് സ്‌നേഹം ലോകപ്രസിദ്ധമാണെന്നും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ അലംഭാവം പാടില്ലെന്നുമാണ് മൈകിന്റെ വിമര്‍ശനം. രത്തന്‍ ടാറ്റയുടെ എളിമയും തൊഴിലിലെ നീതിബോധവും അമേരിക്കയില്‍ ഉള്‍പ്പെടെ പ്രസിദ്ധമാണ്. കിടപ്പുരോഗിയായ ഒരു മാതാവിന്റെ ഏക ആശ്രയമായ ഒരു മകന്‍ ഉള്‍പ്പെടെ വിമാന അപകടത്തില്‍ മരിച്ചു. ഇപ്പോള്‍ ഒരുപാട് കഷ്ടപ്പെട്ടാണ് അവര്‍ ജീവിക്കുന്നത്. ഇതുപോലുള്ള ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ വൈകരുതെന്നും മൈക്ക് ചൂണ്ടിക്കാട്ടി.

വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല സഹായമായി ജൂലൈ 26 ന് എയര്‍ ഇന്ത്യ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. മരിച്ച ഓരോരുത്തരുടേയും കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായം നല്‍കുമെന്നും ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പുനര്‍നിര്‍മിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കും അവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനും ടാറ്റാ ഗ്രൂപ്പ് ദി എഐ-171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ എന്ന പേരില്‍ ഒരു ട്രസ്റ്റും രൂപീകരിച്ചിരുന്നു.