ഈജിപ്തിന്റെ ‘എയര്‍ കെയ്റോ’ വിമാന കമ്പനിയുടെ ദോഹയിലേക്കുള്ള സര്‍വീസ് ജൂലൈ നാല് മുതല്‍

 

ദോഹ: ഈജിപ്ത്-ഖത്തര്‍ ബന്ധം സാധ്യമായതിന് പിന്നാലെ ദോഹയിലേക്കുള്ള എയര്‍ കെയ്റോ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈ നാല് മുതലാണ് എയര്‍ കെയ്റോ വിമാന കമ്പനി ദോഹയിലേക്ക് സര്‍വീസ് നടത്തുക. ഈജിപ്ഷ്യന്‍ പത്രമായ അല്‍ അഖ്ബാര്‍ അല്‍ യുഉം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 26-ന് എയര്‍ കെയ്റോയ്ക്ക് ഏറ്റവും പുതിയ എ 320 നിയോ വിമാനം ലഭിച്ചതായി ഈജിപ്ഷ്യന്‍ പത്രം ചൂണ്ടിക്കാട്ടി. ഇതോടെ എയര്‍ കെയ്റോ ഉടമസ്ഥതിയിലുള്ള വിമാനങ്ങളുടെ എണ്ണം എട്ടായി. മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ കെയ്റോ ദോഹയിലേക്കുള്ള സര്‍വീസ് ആരംഭിക്കുന്നത്.