രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണ്. ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന പച്ച സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്. ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്.

അതേസമയം, ചുറ്റിക വാങ്ങിയ ആളെ കടയിലുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പൊലീസ് ഊർജിതമാക്കി.ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ആളിൽ നിന്നും മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രി പത്തുമണി, വെളപ്പായയിലെ വീടിനു മുന്നിൽ വാഹനം നിർത്തി ഡ്രൈവർ അജീഷ് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം. അജീഷിന്റെ കൈയ്ക്ക് വെട്ടേറ്റു, തൊട്ടു പിന്നാലെ വാഹനത്തിൻറെ ഗ്ലാസ് തകർത്ത് തീയറ്റർ നടത്തിപ്പുകാരൻ സുനിലിന്റെ കാലിനു വെട്ടി. വാഹനം അകത്തേക്ക് ഓടിച്ചു കയറ്റാൻ ഡ്രൈവർ ശ്രമിച്ചതോടെ അക്രമിസംഘം പിന്തിരിഞ്ഞ് വെളപ്പായ റെയിൽവേ പാലത്തിനടിയിലേക്ക് ഓടി.